ക്രഷർ, ക്വാറി ഉടമകൾ ഉൽപന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിക്കുന്നു എന്നാരോപിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച സമരം പിൻവലിച്ചു. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2023 മെയ് പത്തിന് നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്നും നാല് രൂപ കൂടി വർധിപ്പിച്ച നിരക്ക് മാർച്ച് 19 മുതലുള്ള പാസിംഗ് (പെർമിറ്റ്) ലോഡ് നിരക്കായി യോഗത്തിൽ തീരുമാനിച്ചു. തീരുമാനത്തോട് സംയുക്ത സമര സമിതി യോജിക്കുകയും ക്വാറികളിലേക്ക് നടത്താനിരുന്ന സമരം പിൻവലിക്കുന്നതായി അറിയിക്കുകയും ചെയ്തു. ക്വാറികളുടെ നടത്തിപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രശ്നം വന്നാൽ പോലീസ് നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എ.സി.പി എം.കൃഷ്ണൻ പറഞ്ഞു . സമരം പിൻവലിച്ച സാഹചര്യത്തിൽ ദേശീയപാതയുടെ പ്രവൃത്തികൾക്ക് തടസ്സമുണ്ടാവില്ല.
സി ഐ ടി യു, കെ ജി സി എ, സി ഡബ്ള്യു എസ് എ, പി ബി സി എ, എ ജി സി എഫ്, ഡി വൈ എഫ് ഐ, സിമാക്, കെ ജി സി എഫ്, ക്വാറി ക്രഷർ അസോസിയേഷൻ എൻ എച്ച് എ ഐ, വിശ്വസമുദ്ര കോൺട്രാക്ടർ പ്രതിനിധികൾ, ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി വകുപ്പിലെ ഡെപ്യൂട്ടി കൺട്രോളർ, ലേബർ ഓഫീസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
The strike announced by the Joint Strike Committee against the price hike of quarry products has been withdrawn.